ചരിത്രം :
തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് പുനലൂരിൽ തൂക്കുപാലത്തിനുള്ള ആവശ്യവും ആശയവും ഉടലെടുത്തത്. അന്ന് തിരുവിതാംകൂർ ദിവാൻ നാണുപിള്ള ആയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് എഞ്ചിനിയറായ ആൽബെർട് ഹെൻട്രിയെ തൂക്കുപാല നിർമ്മാണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കുകയും, 1871-ൽ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്നുവന്ന പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾവഴികളിൽ സുപ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിനു വളരെയേറെ സഹായമായി. ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുമെങ്കിലും പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ് കല്ലടയാർ. അതിനാൽ തൂണുകളിൽ കെട്ടിപടുക്കുന്ന സാധാരണ പാലം ഇവിടെ പ്രായോഗികമല്ല എന്നു നിരവധി പരിശ്രമങ്ങളിലൂടെ ബോധ്യമാവുകയും അതുവഴി തൂക്കുപാലമെന്ന ആശയത്തിലേക്ക് എത്തിചേരുകയുമാണുണ്ടായത്.
