പാലത്തിന്റെ ശോചനീയാവസ്ഥ
പുനലൂർ തൂക്കുപാലം പുനലൂർ തൂക്കുപാലം കാളവണ്ടികൾക്കും, കുതിരവണ്ടികൾക്കും ശേഷം മോട്ടോർ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറി. എന്നിരുന്നാലും കേരള വാട്ടർ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാൻ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റൻ ജലനിർഗമനകുഴലുകൾ പൊട്ടിയൊലിച്ച് വാർന്ന ക്ലോറിൻ കലർന്ന ജലം മൂലം വർഷങ്ങൾ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന തമ്പകം തടി തട്ടിനും, കൂറ്റൻ ചങ്ങലക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
പുനലൂർ തൂക്ക് പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത് (ഇത് പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ ) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു, തടിത്തട്ടിൽ ഇരുമ്പ് പട്ട പിടിപ്പിച്ച് കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത് തുരുമ്പെടുത്ത് നാശോന്മുഖമായിരിക്കുന്നു. കരിങ്കൽ തൂണുകളിലെ വിടവുകളിലുള്ള ആൽമരത്തൈകൾ കരിച്ചുകളഞ്ഞെങ്കിലും പിന്നെയും വളർന്നുവരുന്നുണ്ട്.
